

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി അനുകുമാരി ചുമതലയേറ്റു. മുന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി മിഷന് ഡയറക്ടറായിരുന്നു അനുകുമാരി. ജില്ലയില്‍ നിലവില്‍ നടക്കുന്ന സര്‍ക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.



2018 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനി അനുകുമാരി. തിരുവനന്തപുരം ജില്ലയില്‍ അസിസ്റ്റന്റ് കളക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് തലശേരി സബ് കളക്ടറായും 2022ല്‍ തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റില്‍ നിന്ന് ഫിസിക്സ് വിഷയത്തില്‍ ബിരുദവും നാഗ്പൂര്‍ ഐ.എം.ടിയില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങില്‍ എം.ബി.എയും നേടിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരാനായ വരുണ്‍ ദഹിയയാണ് ഭര്‍ത്താവ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിയാന്‍ ദഹിയ മകനാണ്.


