

വര്‍ക്കല: ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനയറ പാടശേഖരത്തിലെ ഒരേക്കറോളം വരുന്ന തരിശുനിലത്തിലാണ് വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. നാട്ടിന്‍പുറങ്ങളില്‍നിന്നും നെല്‍കൃഷി അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോള്‍ അത് തിരിച്ചുപിടിക്കുക എന്ന ദൗത്യം ഏറ്റെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാടത്തേക്കിറങ്ങിയത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമാവുകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ‘നമ്മുടെ ആഹാരം, നമ്മുടെ ആരോഗ്യം’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. വിത്തിറക്കുന്നത് മുതല്‍ കൊയ്തെടുക്കല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ജീവനക്കാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്.



120 ദിവസം കൊണ്ട് വിളയുന്ന ‘ഉമ’ ഇനത്തില്‍പ്പെട്ട ഞാറ് നട്ടുകൊണ്ട് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ എം.എസ്.സുഗൈദ കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. വര്‍ക്കല മേഖലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാര്‍.റ്റി.ജെ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണന്, ആര്.സരിത, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ ജോയിന്റ് സെക്രട്ടറി വൈ.സുല്‍ഫീക്കര്‍, വൈസ് പ്രസിഡന്റ് എ.ആര്.അരുണ്‍ജിത്ത്, ജില്ലാ കമ്മിറ്റി അംഗം ചന്ദ്രബാബു, മേഖലാ കമ്മിറ്റി സെക്രട്ടറി ശ്യാംരാജ്.ജി, ചെമ്മരുതി കൃഷി ഓഫീസര്‍ രോഷ്ന.എസ്, മേഖലാ വനിതാ കമ്മറ്റി പ്രസിഡന്റ് മായ.പി.വി, സെക്രട്ടറി ഉഷാകുമാരി കെ.വി എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, പാടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ ഞാറ് നടീല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.


