

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന്റെ തോല്‍വിയെ തുടര്‍ന്ന് ഡി.സി.സി അധ്യക്ഷന്‍ ജോസ് വള്ളൂരും യു.ഡി.എഫ് ചെയര്‍മാന്‍ എം.പി.വിന്‍സെന്റും രാജിവച്ചു. ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്നാണ് ഡി.സി.സി ഭാരവാഹി യോഗത്തില്‍ ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. പിന്നാലെ യു.ഡി.എഫ് സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എം.പി.വിന്‍സെന്റും അറിയിച്ചു.



അതേസമയം, ജോസ് വള്ളൂരിന് അുനുകൂലമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ജോസ് വള്ളൂരിനാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് അവരുടെ അഭിപ്രായം. ഡി.സി.സി ഓഫീസിന് മുന്‍പില്‍ ജോസ് വള്ളൂരിന് അനുകൂലമായ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. ജോസ് വള്ളൂരിനെതിരെ നേരത്തെയും ചേരിതിരിഞ്ഞ് അണികള്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു.



ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സേവ് കോണ്‍ഗ്രസ് എന്ന പേരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലത്തൂരില്‍ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് പോസ്റ്റര്‍. ഞങ്ങള്‍ക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാര്‍ത്ഥി മതിയെന്നും ചേലക്കരയില്‍ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. സി.പി.എം നേതാവും ചേലക്കര എം.എല്‍.എയും മന്ത്രിയുമായ കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍നിന്ന് എം.പിയായതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


