Breaking News

ശ്രീനാരായണ ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കസേര ശിവഗിരിക്ക് സമര്‍പ്പിച്ചു

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട് സന്ദര്‍ശന വേളയില്‍ ഉപയോഗിച്ച കസേര ശിവഗിരിയില്‍ സമര്‍പ്പിച്ചു. ഗുരുദേവ ഭക്തനും ഗുരുദേവ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്ന അന്തരിച്ച കുന്നംകരി സോമന്‍ തന്റെ പൂജാമുറിയില്‍ നിധിപോലെ സൂക്ഷിച്ചു പൂജിച്ചു പോന്ന കസേര അദ്ദേഹത്തിന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവരാണ് ശിവഗിരിക്ക് സമര്‍പ്പിച്ചത്. മഹാസമാധിയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും ചേര്‍ന്ന് കസേര സ്വീകരിച്ചു.

ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട്ടിലൂടെ സഞ്ചരിച്ച വേളയില്‍ ഒരു ഭക്തന്‍ ഗുരുദേവന് ഇരിക്കുന്നതിനായി പണികഴിപ്പിച്ച കസേര പിന്നീട് സോമന് ലഭിച്ചു. ആ കസേരയാണ് ശിവഗിരി മഹാസമാധിയിലെത്തിച്ചത്. കുന്നംകരി എസ്.എന്‍.ഡി.പി. ശാഖാസെക്രട്ടറി, പ്രസിഡന്റ്, ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്രസമിതിയംഗം ഉള്‍പ്പെടെ വിവിധ തുറകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സോമന്‍ ഇക്കഴിഞ്ഞ 9 നാണ് അന്തരിച്ചത്. ഭാര്യ നേരത്തെതന്നെ മരിച്ചു. വിദേശത്തായ മക്കള്‍ മടങ്ങും മുമ്പേ കസേര മഹാസമാധിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

വീട്ടില്‍ മുമ്പത്തേതുപോല പൂജാമുറിയില്‍ പൂജകള്‍ നടത്താനാവാതെ വരുന്നതിനാലാണ് കസേര ഗുരുദേവ സന്നിധിയില്‍ സമര്‍പ്പിച്ചതെന്ന് പ്രേംജിയും പ്രശാന്തും പ്രവീണും അറിയിച്ചു. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് തങ്ങളും ഗുരുദേവ പ്രസ്ഥാനങ്ങളുടെ സഹയാത്രികരായിരിക്കുമെന്നും ശിവഗിരിയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു. ശിവഗിരിയിലെ റിക്ഷാ മണ്ഡപത്തിലാണ് കസേര സൂക്ഷിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *