

വര്‍ക്കല: വര്‍ക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല കവര്‍ന്നു. ചെറുന്നിയൂര്‍ അയന്തി പന്തുവിള ഗുരുമന്ദിരത്തിന് സമീപം വള്ളൂര്‍ വീട്ടില്‍ ഓമനയുടെ മാലയാണ് കള്ളന് കവര്‍ന്നത്. ഇന്ന് വെളുപ്പിന് അഞ്ചരയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ ബാത്ത്റൂമില്‍ പോകാനിറങ്ങി ബാത്ത്റൂമിന്റെ വാതിലിന്റെ കുറ്റിയെടുത്തപ്പോഴാണ് കള്ളന് പിന്നീലൂടെ വന്ന് കണ്ണില്‍ മുളകുപൊടി തേച്ചതെന്ന് ഓമന പറഞ്ഞു. തുടര്‍ന്ന് കള്ളന് മാലയില്‍ പിടിമുറുക്കി വലിച്ച് പൊട്ടിച്ചെടുത്ത് സംഭവസ്ഥലത്തുനിന്നും രക്ഷപെടുകയായിരുന്നു.





പിടിവലിയില്‍ താലി ഉള്‍പ്പെടെ മാലയുടെ ഒരു ഭാഗം തറയില്‍ വീണിരുന്നു. പര്‍ദ്ദയിട്ടാണ് കള്ളന് വന്നതെന്നും ഓമന പറഞ്ഞു. കഴുത്തില്‍നിന്നും കള്ളന് പിടിവിട്ടശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ പര്‍ദ്ദയിട്ട ഒരാള്‍ ഓടിപ്പോകുന്നത് കണ്ടുവെന്ന് ഓമന വ്യക്തമാക്കി. ഓമനയുടെ നിലവിളി കേട്ട് അടുത്തുള്ളവര്‍ ഓടിക്കൂടിയെങ്കിലും മൂന്നര പവന് തൂക്കംവരുന്ന സ്വര്‍ണ്ണമാലയുടെ ഒരു പകുതിയുമായി കള്ളന് രക്ഷപെട്ടിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഓമന വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.



