

വര്‍ക്കല: വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനി കടലില്‍പ്പെട്ട് മരിച്ചു.. വര്‍ക്കല വെണ്‍കുളം സ്വദേശിനി ശ്രേയ(14)യാണ് മരിച്ചത്. വര്‍ക്കലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വര്‍ക്കല വെറ്റക്കടയ്ക്കും കാപ്പിലിനും ഇടയില്‍ വലിയപള്ളിക്ക് പടിഞ്ഞാറ് വശത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. പെണ്‍കുട്ടിയ്‌ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്‌സും അയിരൂര്‍ പോലീസും കടലില്‍ തിരച്ചില്‍ നടത്തി. പോലീസ് വിവരമറിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ ഗാര്‍ഡ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.



അതേസമയം, പെണ്‍കുട്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന ആളെനെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. നാട്ടുകാരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയ്‌ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്ന സംശയത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. പെണ്‍കുട്ടി യൂണിഫോമില്‍ ആയിരുന്നുവെന്നും കൂടെയുണ്ടായിരുന്നയാള്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നുമാണ് നാട്ടുകാരില്‍നിന്നും ലഭിച്ച വിവരം. പെണ്‍കുട്ടി വീട്ടില്‍നിന്നും പിണങ്ങിയിറങ്ങിയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.



ഇന്ന് രാവിലെ 7.30 മുതല്‍ 10.30 വരെ സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരുന്നെങ്കിലും പെണ്‍കുട്ടി ക്ലാസ്സില്‍ എത്തിയിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പഠനത്തിലും പഠനേതര അക്ടിവിറ്റികലിലും ഒരുപോലെ മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് ശ്രേയയെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നെന്ന് സംശയിക്കപ്പെടുന്ന ആളിനെ കുറിച്ച് വ്യാപകമായ അന്വേഷണം നടത്തുകയാണ് നാട്ടുകാരും പോലീസും.



