Breaking News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്.എച്ച്.ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അന്വേഷിച്ച എസ്.എച്ച്.ഒ സരിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്.എച്ച്.ഒയ്‌ക്കെതിരായ നടപടി. ഉത്തരമേഖല ഐ.ജിയാണ് നടപടിക്ക് ഉത്തരവിട്ടത്. ഗാര്‍ഹിക പീഡനത്തിനിരയായ നവവധുവിന്റെ മൊഴി ഗൗരവമായി എടുക്കാതിരുന്ന എസ്.എച്ച്.ഒയ്‌ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂര്‍ സ്വദേശിയായ നവവധു മൊഴി നല്‍കിയത്.

കേബിള്‍ കുഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് രാഹുല്‍ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ മര്‍ദ്ദിച്ചെന്നും വെളിപ്പെടുത്തുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് ക്രൂരമായ ആക്രമണമെന്ന് പരാതി നല്‍കിയിട്ടും ഗാര്‍ഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിക്കെതിരെയും യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു. ഈ മാസം ആദ്യമായിരുന്നു രാഹുലിന്റെയും പരാതിക്കാരിയുടെയും വിവാഹം നടന്നത്. മേയ് 11ന് പന്തീരാങ്കാവിലെ വീട്ടില്‍ ഭര്‍ത്താവ് നടത്തിയ ക്രൂരതയാണ് യുവതി വെളിപ്പെടുത്തയത്.

വീട് കാണല്‍ ചടങ്ങിന് പലഹാരങ്ങളുമായെത്തിയ യുവതിയുടെ വീട്ടുകാര്‍ മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് യുവതി മര്‍ദ്ദനമേറ്റ കാര്യം തുറന്നുപറഞ്ഞത്. രാത്രി 1 മണിയോടെയായിരുന്നു സ്ത്രീധനത്തിന്റെ പേരിലുള്ള മര്‍ദ്ദനമെന്ന് യുവതി പറഞ്ഞു. 150 പവനും കാറുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഭര്‍ത്താവിന്റെ അമ്മയടക്കമുള്ളവരുടെ പിന്തുണയോടെയാണ് സംഭവമെന്ന് സംശയിക്കുന്നതായും യുവതി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടുന്നു. ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *