

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി സംസ്ഥാനമൊട്ടാകെ നടത്തിവന്ന ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരണ സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലറില്‍ പരിഷ്‌ക്കാരം വരുത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് സമരം പിന്‍വലിച്ചത്. ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങക്ക് തയാറാണെന്ന് മന്ത്രി അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്.


15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിനായി ഉപയോഗിക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ ഈ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം, ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും തുടങ്ങിയവയാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ട പ്രധാന മാറ്റങ്ങള്‍. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി വിശദമാക്കി.


ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇത് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും. കെ.എസ്.ആര്‍.ടി.സി പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം രണ്ട് ഇന്‍സ്‌പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്തും. ഒരു എം.വി.ഐയുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും നടത്തും. ഇത് പര്യാപ്തമല്ലെന്നായിരുന്നു പരാതി.


എച്ച് ടെസ്റ്റിന് പകരമുള്ള മാതൃകകള്‍ പരിശോധിക്കും. പുതിയ മാതൃക കണ്ടെത്തും. ലൈസന്‍സ് അപേക്ഷ കെട്ടികിടക്കുന്ന ആര്‍ടിഒകള്‍ പരിശോധിച്ച് വേണ്ട നടപടിയുണ്ടാകും. ഈ സ്ഥലങ്ങളില്‍ വേഗം ടെസ്റ്റുകള്‍ നടത്താന്‍ ക്രമീകരണം നടത്തും. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം കൊടുത്തുവെന്നും പറഞ്ഞ മന്ത്രി ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഡ്രൈവിംഗ് നന്നായി അറിയാവുന്നവര്‍ക്ക് ലൈസന്‍സ് ലഭിച്ചാല്‍ മതിയെന്നും അതിലൂടെ വാഹനാപകടങ്ങള്‍ക്ക് നല്ലൊരു ശതമാനം വരെ കുറവ് വരുമെന്നും കൂട്ടിച്ചേര്‍ത്തു.



