

കൊച്ചി: മാസപ്പടി കേസില്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ സി.എന്‍.ശശിധരന്‍ കര്‍ത്ത വീണ്ടും ഹൈക്കോടതിയില്‍. മാസപ്പടി കേസില്‍ ഇ.ഡി സമന്‍സ് നല്‍കിയതിന് പിന്നാലെയാണ് ശശിധരന്‍ കര്‍ത്ത ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്‌നങ്ങളാണ് ശശിധരന്‍ കര്‍ത്ത ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കാനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.


സി.എം.ആര്‍.എല്‍ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് സി.എം.ആര്‍.എല്‍ ജീവനക്കാരുടെ ആരോപണം. വനിത ജീവനക്കാരിയെ 24 മണിക്കൂര്‍ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചു. ഇ മെയില്‍ ഐ.ഡി, പാസ് വേര്‍ഡ് എന്നിവ നല്‍കാനും രഹസ്യ സ്വഭാവമുള്ള രേഖകള്‍ നല്‍കാനും ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയാണ് സി.എം.ആര്‍.എല്‍ ജീവനക്കാരുടെ ആരോപണങ്ങള്‍.





