Breaking News

സഭയുടെ പേരില്‍ വര്‍ഗീയത വിളമ്പേണ്ടെന്ന് ദീപികയില്‍ മുഖപ്രസംഗം

തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ പേരില്‍ വര്‍ഗീയത വിളമ്പേണ്ടെന്ന് ദീപികയില്‍ മുഖപ്രസംഗം. ആഗോള ഇസ്‌ലാമിക തീവ്രവാദത്തെയും ഹിന്ദുത്വ തീവ്രവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും സഭ ഒരുപോലെ എതിര്‍ക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സഭയുടെ എതിര്‍പ്പ് അഹിംസാ മാര്‍ഗ്ഗത്തിലുള്ളതാണെന്നും കത്തോലിക്കാ സഭ സ്വന്തം ചെലവില്‍ ഒരു വര്‍ഗീയപ്രസ്ഥാനത്തെയും വളര്‍ത്തിയെടുക്കില്ലെന്നും മുഖപ്രസംഗത്തിലുണ്ട്. സമുദായ സ്‌നേഹത്തിന്റെ വീഞ്ഞെന്ന വ്യാജേന ഇതര മത വിദ്വേഷത്തിന്റെ പാനപാത്രമായി എത്തുന്നവരെയും സ്വന്തം മതത്തില്‍പ്പെടാത്ത സഹപൗരന്മാരെ രണ്ടാം തരക്കാരായി വിചാരിക്കുന്ന ഹിംസയുടെ ധാരകളെ തള്ളിപ്പറയാതെ മതേതര ജനാധിപത്യത്തെ മതവേഷം കെട്ടിക്കാന്‍ ശ്രമിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ടെന്നും മുഖപ്രസംഗത്തില്‍ വിശദീകരിക്കുന്നു.

രാജ്യത്തിനും ലോകത്തിനും മാതൃകയാകാനുള്ള ചരിത്രനിയോഗം കേരളത്തെപ്പോലെ ഏറ്റെടുക്കാന്‍ മറ്റാര്‍ക്കു കഴിയുമെന്നും സഭ ചോദിച്ചു. മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവര്‍ക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണ്. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും അഴിമതിയും അഴിമതിവിരുദ്ധ നിഴല്‍യുദ്ധങ്ങളും ജനാധിപത്യ ധ്വംസനവും മതധ്രുവീകരണവും ഉള്‍പ്പെടെ നൂറായിരം നീറ്റലുകളെ മറക്കാനുള്ള ഒറ്റമൂലിയായി മതത്തെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *