

തൃശ്ശൂര്‍: പോട്ട പാലസ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രസവാനന്തര ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ബന്ധുക്കള്‍. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ചാലക്കുടി പോലീസിന് പരാതി നല്കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


യുവതി അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും നീതുവിന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടന്‍ തന്നെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബലന്‍സില്‍ തൃശ്ശൂരിലേക്ക് റഫര്‍ ചെയ്തിരുന്നതായും പാലസ് ആശുപത്രി വിശദീകരിച്ചു. മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാനാകുവെന്ന് പാലസ് ആശുപത്രി പ്രതികരിച്ചു.





