Breaking News

പണത്തിന്റെ ഉറവിടം സി.പി.എം വ്യക്തമാക്കണം: ഇ.ഡിക്ക് പിന്നാലെ ഇന്‍കം ടാക്‌സും എത്തിയേക്കും

തൃശൂര്‍: പണത്തിന്റെ ഉറവിടം സി.പി.എം വ്യക്തമാക്കണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി. പാര്‍ട്ടിയുടെ പേരില്‍ ബാങ്ക് ഓഫ് ഇന്ത്യ തൃശൂര്‍ ശാഖയിലെ അക്കൗണ്ട് കേന്ദ്ര ഏജന്‍സി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടിലുള്ള 5 കോടി രൂപയുടെ ഉറവിടം ഹാജരാക്കാനാണ് നിര്‍ദേശം. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ 1998ല്‍ തുടങ്ങിയ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 6 കോടിയിലധികം രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിറ്റേദിവസം ജില്ലാ സെക്രട്ടറി പിന്‍വലിച്ചു. ഒരു കോടി രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റിയും മറ്റൊരു നാലുകോടിയും ബാങ്കിലുണ്ട്. ഇവയുടെ ഇടപാടുകള്‍ തടഞ്ഞ ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 2ന് പിന്‍വലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്നും നിര്‍ദേശിച്ചു.

അതേസമയം, പാര്‍ട്ടിയുടെ ബാങ്ക് ഇടപാടുകളെല്ലാം നിയമപരമാണെന്നും ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പ്രതികരിച്ചു. ഈ വിഷയത്തില്‍ ഇ.ഡിയുടെ അന്വേഷണത്തിന് പുറമേ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷനും നടക്കുമെന്നാണ് സൂചന. സി.പി.എം നല്‍കിയ ആദായ നികുതി റിട്ടേണുകളില്‍ ഒന്നും ഈ അക്കൗണ്ട് വിവരങ്ങളില്ലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിലപാട്. കെ.വൈ.സി രേഖകളും കൃത്യമല്ല. അക്കൗണ്ടിലെ പണത്തിന്റെ സാമ്പത്തിക ഉറവിടം ഹാജരാക്കാനും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്കൊപ്പം ഇന്‍കം ടാക്‌സും സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്റെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ഇ.ഡി വര്‍ഗീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *