

തിരുവനന്തപുരം: നവീന്‍, ദേവി, ആര്യ എന്നിവരുടെ മരണത്തിന് പിന്നില്‍ ആഭിചാരക്രിയയെന്ന സംശയം ബലപ്പെടുന്നു. അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ നാലാമതൊരാളിന്റെ സ്വാധീനത്തെ കുറിച്ചാണ് അന്വേഷണ സംഘം ഇപ്പോള്‍ തിരയുന്നത്. അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം മരണത്തിന് പിന്നില്‍ സാത്താന് സേവയാണെന്നാണ്. അങ്ങനെയെങ്കില്‍ മരിച്ച മൂന്നുപേരെ കൂടാതെ നാലാമതൊരാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകും. കാരണം, സാത്താന് സേവയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നയാള്‍ മരണപ്പെടുന്ന രീതിയില്ല.


സാധരാണ സാത്താന്‍സേവ കേസുകളില്‍ കൊലപാതകം നടത്താന്‍ ഒരാളുണ്ടാകും. ബാക്കിയെല്ലാം ഇരകളാകും. ഇവിടെ നവീനും ദേവിയും ആര്യയും ഇരകളായ സ്ഥിതിക്ക് മുഖ്യ കാര്മികന് എവിടെയെന്നതാണ് ഉയരുന്ന ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരണപ്പെട്ട മൂന്നു പേരുടെയും ഇമെയില്‍ ചാറ്റുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ടും മരണം നടന്ന ഹോട്ടല്‍ മുറിയില്‍ മറ്റൊരാള്‍ വന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. പക്ഷേ, ഓണ്‍ലൈനിലൂടെ ആരെങ്കിലും സാത്താന് സേവയുടെ മുഖ്യകാര്‍മികനാവാന്‍ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. അരുണാചലിലെത്തി ആദ്യ മൂന്നു ദിവസങ്ങളില്‍ നവീനും ദേവിയും ആര്യയും ആഭിചാരം നടത്തുന്നവരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തോയെന്നതും പൊലീസിനു മുന്നിലെ പ്രധാന ചോദ്യചിഹ്നമാണ്.


എന്നാല്‍ കേസിലെ നാലാമന് കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആളാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണു പുതിയ അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്. ആറു പേരടങ്ങുന്ന അന്വേഷണസംഘം മരിച്ച മൂവരുടെയും ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും അടക്കം മൊഴി രേഖപ്പെടുത്തും. അരുണാചലിലേക്കു പോകുന്നതിനു തൊട്ടുമുന്‍പു വരെയുള്ള ഇ-മെയില്‍ ചാറ്റുകള്‍ വീണ്ടെടുക്കാനും നടക്കുന്നുണ്ട്.

