

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.എമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. സഹകരണ ബാങ്കുകളില്‍ സി.പി.എമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇ.ഡി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ ജില്ലാ നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്. സംഭാവനകളും ലെവിയുമാണ് പാര്‍ട്ടിയുടെ വരുമാന മാര്‍ഗ്ഗമെന്നും ഇതെല്ലാം പാര്‍ട്ടിയുടെ പാന്‍ നമ്പറുമായി ബന്ധിപ്പിച്ചതും ആഡിറ്റിങ്ങിന് വിധേയമാക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, മുന്‍ എം.പി പി.കെ.ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിലാണ് പ്രധാനമായും ചോദ്യം ചെയ്യല്‍. കരുവന്നൂര്‍ ക്രമക്കേടില്‍ സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന് ചെയര്മാന് ആയിരുന്ന ബിജുവില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും ഇ.ഡി കണക്കുകൂട്ടുന്നു. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ഇ.ഡി വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നാളെയാണ് വര്‍ഗീസിനോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന എം.എം.വര്‍ഗീസിന്റെ ആവശ്യം ഇ.ഡി തള്ളിക്കളഞ്ഞു.




