Breaking News

ഇ.ഡി സാക്ഷികളെ ഭീഷണിപ്പെടുത്തി; കോടതിയില്‍ കൊമ്പ് കോര്‍ത്ത് കെജ്‌രിവാളും ഇ.ഡിയും

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതിയില്‍. ദില്ലി റൗസ് അവന്യു കോടതിയിലാണ് കെജ്‌രിവാളും ഇ.ഡിയും തമ്മില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നത്. വാദിക്കാന്‍ അഭിഭാഷകന്‍ ഉണ്ടായിരുന്നെങ്കിലും ഇ.ഡിക്കെതിരെ നേരിട്ട് തന്നെയാണ് തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് കോടതിയെ അറിയിച്ച കെജ്‌രിവാളിനോട് എഴുതിനല്‍കാന്‍ കോടതി ആദ്യം പറഞ്ഞെങ്കിലും കാര്യങ്ങള്‍ നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തുടര്‍ന്ന് കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ താന്‍ പ്രതിയല്ലെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇ.ഡി തനിക്കെതിരെ നീങ്ങുന്നതെന്നും കെജ്‌രിവാള്‍ വാദിച്ചു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ച ഇ.ഡി സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായും ആരോപിച്ചു. നൂറ് കോടിയുടെ അഴിമതിയെങ്കില്‍ പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്‌രിവാള്‍ നേരിട്ട് സംസാരിക്കാന്‍ തുടങ്ങിയതോടെ ഇ.ഡി ഇടഞ്ഞു. കെജ്‌രിവാള്‍ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതുകൊണ്ടല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

ഇതിനിടെ, കെജ്‌രിവാളിന് സംസാരിക്കാന്‍ സമയപരിധിയുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കൂടി കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. കെജ്‌രിവാളിനെ മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്ക് ഒപ്പിമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കെജ്‌രിവാളിള്‍ പാസ്‌വേഡ് നല്‍കാത്തതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചുണ്ട്. കെജ്‌രിവാളിനെ റിമാന്‍ഡില്‍ വിടരുതെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകനും ശക്തമായ വാദം ഉന്നയിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *