

തിരുവനന്തപുരം: ഉദ്ഘാടന പ്രസംഗത്തിന് നന്ദി പറഞ്ഞ അവതാരകയോട് കയര്‍ത്ത് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ഇന്‍സാഫിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അവതാരക മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് നന്ദി അറിയിച്ചു. നല്ല ഉദ്ഘാടന പ്രസംഗത്തിന് നന്ദി അറിയിച്ച അവതാരകയോട് അത്തരം കമന്റുകളൊന്നും വേണ്ടെന്ന് ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


മറ്റുള്ളവരുടെ സമയം അപഹരിക്കാതിരിക്കാന്‍ ഉദ്ഘാടന പ്രസംഗം ചുരുക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവര്‍ക്കും പറയാനുള്ളത് കേട്ട ശേഷം പ്രതികരിക്കുന്ന വേളയില്‍ കൂടുതല്‍ പറയാമെന്നും പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതായി പ്രഖ്യാപിച്ച് പ്രസംഗം അവസാനിപ്പിച്ചു. ഇതോടെ അവതാരക വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന് നന്ദി അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി തിരിഞ്ഞുനിന്ന് അമ്മാതിരി കമന്റുകളൊന്നും വേണ്ട, നിങ്ങള്‍ ആളെ വിളിക്കുന്നുണ്ടെങ്കില്‍ ആളെ വിളിച്ചാല്‍മതിയെന്ന് പ്രതികരിക്കുകയായിരുന്നു.


കേരളത്തെ പ്രത്യേക രീതിയില്‍ പരിവര്‍ത്തനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒരു നൂതന സമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും കേരളത്തെ ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മേഖല നല്ല രീതിയില്‍ നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ ഹാളിലെ ശങ്കരനാരായണന്‍ ഹാളിലായിരുന്നു മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.
