

ന്യൂഡല്‍ഡി: കേരളത്തിന് 13,608 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായി. കടമെടുപ്പ് പരിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചാലേ കടമെടുക്കാനുള്ള അനുമതി നല്കൂയെന്ന മുന്‍ നിലപാട് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രം മാറ്റി. അതേസമയം, 15000 കോടി കൂടി കടമെടുക്കണമെന്ന നിര്‍ദ്ദേശത്തോട് അക്കാര്യത്തെ കുറിച്ച് ഉടന്‍ ചര്‍ച്ച നടത്താനായിരുന്നു കോടതിയുടെ പ്രതികരണം.


രാഷ്ട്രീയ നേട്ടത്തിന് കേസ് ഉപാധിയാക്കുന്നുവെന്ന പരാതി കേന്ദ്രം കോടതിയില്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വാഗ്വാദമല്ല, സഹകരണമാണ് വേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കുകയും ചെയ്തു.


