Breaking News

കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

വയനാട്: എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കുക, എസ്.എഫ്.ഐയുടെ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകര്‍ക്കുക, ഏക സംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ.എസ്.യു മാര്‍ച്ച്. പൂക്കോട് വെറ്റിനറി സര്‍വകലാശാല കാമ്പസ് കടവാടത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധക്കാര്‍ പോലീസ് നേരെ കല്ലേറ് നടത്തിയതോടെ പോലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജിലേക്ക് കാര്യങ്ങള്‍ നീങ്ങി. നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തയാറാവാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. ടി.സിദ്ദിഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാണ് കെ.എസ്.യു പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ഇതിനിടെ, പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീന്‍ ഡോ എം കെ നാരായണനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.


പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീന്‍ നാരായണനും പങ്കുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍ ആരോപിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കൊക്കാല ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *