

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ അഭിഭാഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷനില്‍ അഭിഭാഷകനായ വാമനപുരം അമ്പിളി ഹില്ലില്‍ വി.എസ്.അനില്‍കുമാറി(60)നെയാണ് ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് അനില്‍ ആത്മഹത്യാ കുറിപ്പ് അഭിഭാഷകരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


ജൂനിയര്‍ അഭിഭാഷകരുമായുള്ള പ്രശ്‌നങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വാട്‌സ്ആപ് വഴിയുള്ള ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ആത്മഹത്യാ കുറിപ്പ് വാട്‌സ്ആപില്‍ പോസ്റ്റ് ചെയ്തിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തിയെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2:30 ന് വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സുധര്‍മ്മിണിയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് അനിലിന്റേത്.


