

തിരുവനന്തപുരം: പൂക്കോട് വെറ്റനറി സര്‍വകലാശാല ക്യാമ്പസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് ജയപ്രകാശ്. പോലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും നിലവിലെ അന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പൊതുജനം അറിഞ്ഞതുകൊണ്ടും പൊതുസമൂഹത്തില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നതുകൊണ്ടുമാണ് എസ്.എഫ്.ഐ നേതാക്കള്‍ ഇപ്പോള്‍ തെറ്റ് പറ്റിപ്പോയെന്നും തലകുനിക്കുന്നുവെന്നും പറയുന്നത്. ആത്മഹത്യാ പ്രേരണയ്ക്കല്ല, കൊലപാതക കുറ്റം ചുമത്തി തന്നെ കേസെയുക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.


അതേസമയം, സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി സിന്‍ജോയുമായി പോലീസ് ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി. വൈകിട്ട് നാലരയോടെ ആരംഭിച്ച തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. സിദ്ധാര്‍ത്ഥനെ എങ്ങനെയാണ് ഇടിച്ചതെന്ന ചോദ്യത്തിന് സിന്‍ജോ ഭാവഭേദമില്ലാതെയാണ് മറുപടി നല്‍കിയത്. സിദ്ധാര്‍ത്ഥന മര്‍ദ്ദിച്ച ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി, നടുമുറ്റം എന്നിവിടങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തി. മര്‍ദ്ദനത്തെ കുറിച്ചും ആള്‍ക്കൂട്ട വിചാരണയെ കുറിച്ചുമൊക്കെ സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തമാക്കി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച വയര്‍ പോലീസ് കണ്ടെടുത്തു.


സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിക്രൂരമായ മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ശേഷം മരണം മാത്രമേ തനിക്ക് മുന്നിലുള്ളൂവെന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് പ്രതികള്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെല്‍റ്റ്, വയര്‍ എന്നിവ കൊണ്ടുള്ള മര്‍ദ്ദനം കൂടാതെ മുഷ്ടി ചുരുട്ടി ഇടിക്കുകയുംചവിട്ടുകയും ചെയ്തു. കഴിഞ്ഞ മാസം 16ന് പ്രതികള്‍ സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂരമായി പീഡിപ്പിച്ചത്. പുലര്‍ച്ചെ രണ്ടുമണിവരെ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും നീണ്ടു. എന്നാല്‍, സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.
