

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഗ്രീന്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനവും പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടിയുള്ള മിനി എം.സി.എഫിന്റെ താക്കോല്‍ ദാനവും ഒ.എസ്.അംബിക എംഎല്‍എ നിര്‍വഹിച്ചു. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവിട്ടാണ് 700 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഗ്രീന്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മ്മിച്ചത്. ഹരിതകര്‍മ്മ സേനയുടെ ഓഫീസ് സേവനങ്ങളും യൂസര്‍ ഫീസ് ഉള്‍പ്പടെയുള്ള പണമിടപാടുകളും ഇവിടേക്ക് മാറ്റും. ശുചിത്വമിഷന്റെയും, ധനകാര്യ കമ്മീഷന്റെയും സംയോജിത ഫണ്ടില്‍ നിന്നും 17.5 ലക്ഷം രൂപ ചിലവിട്ടാണ് 31 വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിച്ചത്.



നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റാംകുമാര്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ രമ്യാസുധീര്‍, എസ്.ഷീജ, എസ്.ഗിരിജ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികളായ എം.താഹിര്‍, ശങ്കര്‍.ജി, അസി എഞ്ചിനീയര്‍ താജുനിസ്സ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ രിവികുമാര്‍, ദിവ്യ, സലീന, ബിജു, മുഹമ്മദ് റാഫി, ഹരിതകര്‍മ്മസേന കോഡിനേറ്റര്‍മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്.നിതിന്‍ നന്ദി രേഖപ്പെടുത്തി.

