

തിരുവനന്തപുരം: നാടിനെ നടുക്കിയ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടപെട്ടതോടെ വയനാട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്.ശശീന്ദ്രനാഥിന്റെ കസേര തെറിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മൂന്ന് ദിവസം ക്രൂരമായ മര്‍ദ്ദനത്തിനിരയായി മരിച്ച സംഭവത്തില്‍ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.ആര്.ശശീന്ദ്രനാഥിനെ സസ്പെന്റ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടത്. മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ.പി.സി.ശശീന്ദ്രനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.


സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ശേഷം യൂണിവേഴ്സിറ്റി ചട്ടപ്രകാരം കൃത്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വൈസ് ചാന്‍സലര്‍ എം.ആര്.ശശീന്ദ്രനാഥിനെ സസ്പെന്റ് ചെയുതകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. വി.സി കൃത്യവിലോപം കാട്ടിയെന്ന് യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. സര്‍വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഹൈക്കോടതിക്ക് കത്ത് നല്കി. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ആക്ട് 2010 സെക്ഷന്‍ 9(9) അനുസരിച്ച് അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്.


സിദ്ധാര്‍ത്ഥിന്റെ കൊലപാതകമാണെന്നാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ക്യാപസില്‍ എസ്.എഫ്.ഐ-പി.എഫ്.ഐ സഖ്യമാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്.എഫ്.ഐ ഓഫീസാക്കുന്നുണ്ടെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വിഷയത്തില്‍ വി.സിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചേക്കും. വി.സിയെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് മന്ത്രി ചിഞ്ചുറാണി രംഗത്തെത്തി. വി.സിയെ സസ്പെന്‍ഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
