

വര്‍ക്കല: സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ വര്‍ക്കലയിലെ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല. കേരളത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഇ.എം.എസ് പുരസ്‌കാരമാണ് വര്‍ക്കലയിലെ ഏക എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലയായ പേരേറ്റില്‍ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയെ തേടിയെത്തിയത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധുവാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ 50 വര്‍ഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള അരലക്ഷം രൂപയും വെങ്കലശില്പവും പ്രശംസപത്രവും അടങ്ങുന്നതാണ് ഇ.എം.എസ് പുരസ്‌ക്കാരം.

2024-25ല്‍ ഗ്രന്ഥശാലയുടെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്ത് ആരംഭിച്ച ഈ ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ ബാലവേദിയും വനിതാവേദിയും യുവവേദിയും വയോജനവേദിയും ഒപ്പമുണ്ട്. പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങളുടെ അമൂല്യ ശേഖരമാണ് ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിലുള്ളത്. ഗ്രന്ഥശാലയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തു മാസികയിലൂടെ പതിനഞ്ചോളം നവസാഹിത്യ പ്രതിഭകളെ മലയാള സാഹിത്യ ലോകത്തിന് ഇതിനകം തന്നെ സംഭാവന ചെയ്തിട്ടുണ്ട്.

കനക ജൂബിലി സ്മാരകമായി നിര്‍മ്മിച്ച 3 നില മന്ദിരത്തില്‍ വായനാമുറി, ലൈബ്രറി, മിനി സെമിനാര്‍ ഹാള്‍, കമ്പ്യൂട്ടര്‍ലാബ്, റഫറന്‍സ് റൂം, റിക്രിയേഷന്‍ ക്ലബ്ബ് ഹാള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. ഒരു പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ഉന്നമനത്തിലും, കലാ-കായിക-സാഹിത്യ വളര്‍ച്ചയിലും ഗ്രന്ഥശാലയ്ക്ക് നിരവധി മാതൃകാ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 2023 ലെ ഒറ്റൂര്‍ പഞ്ചായത്ത് തലത്തിലും വര്‍ക്കല ബ്ലോക്ക് തലത്തിലും നടത്തിയ കേരളോല്‍സവങ്ങളില്‍ ഗ്രന്ധശാല യുവവേദി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത് നേട്ടങ്ങളുടെ മറ്റൊരു പൊന്‍തൂവലാണ്.

2000-2001 ല്‍ കനക ജൂബിലിയും 2010-2011 ല്‍ വജ്ര ജൂബിലിയും ആഘോഷിച്ചു. രാമന്‍കുട്ടി ആശാനായിരുന്നു ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റ്. ചിറയിന്‍കീഴ് താലൂക്കിലെയും വര്‍ക്കല താലൂക്കിലെയും മികച്ച ഗ്രന്ഥശാലക്കുള്ള ഗ്രന്ഥശാല പുരസ്‌ക്കാരങ്ങള്‍, മത മൈത്രി പുരസ്‌ക്കാരം, ഗ്രാമകീര്‍ത്തി പുരസ്‌കാരം, ഗ്രന്ഥശ്രേഷ്ഠ പുരസ്‌ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ ഗ്രന്ഥശാലയ്ക്ക് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഒരു പ്രദേശത്തിനാകെ അറിവിന്റെ അക്ഷയ ഖനിയായി പ്രവര്‍ത്തിച്ചുവരികയാണ് ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല.

