Breaking News

സിനി സെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍: ഇരുപത്തിരണ്ടാമത്തെ തൊഴിലാളി സംഘടനയുമായി ഫെഫ്ക

കൊച്ചി: ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക)യുടെ കീഴില്‍ ഒരു സ്വതന്ത്ര തൊഴിലാളി സംഘടന കൂടി പ്രവര്‍ത്തനമാരംഭിച്ചു. സിനി സെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നാണ് പുതിയ തൊഴിലാളി സംഘടനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതോടെ ഫെഫ്കയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിരണ്ടാമത്തെ സിനിമാ തൊഴിലാളി യൂണിയനായി മാറിയിരിക്കുകയാണ് സിനി സെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍. കാര്‍പെന്റെര്‍, പെയിന്റര്‍, മോള്‍ഡര്‍, വെല്‍ഡര്‍, ഡമ്മി വര്‍ക്കര്‍, ഇലക്ട്രിഷ്യന്‍, ആനിമേട്രോണിക്‌സ് തുടങ്ങി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത തൊഴിലാളികളുടെ സംഘനയായാണ് സിനി സെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടന്ന യോഗത്തിലായിരുന്നു പുതിയ സംഘടനയ്ക്ക് രൂപംനല്‍കിയത്. അറുപത്തി അഞ്ചോളം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും, ഫെഫ്ക ജോയിന്റ് സെക്രട്ടറിയുമായ അനീഷ് ജോസഫ് നേതൃത്വം വഹിച്ചു. സിനി സെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി സി.വിജയകുമാറിനെയും ജനറല്‍ സെക്രട്ടറിയായി എസ്.വി.മനുവിനെയും ട്രഷററായി ലിജിനെയും അജിത്കുമാര്‍, വിപിന്‍.സി. ബാബു, അജേഷ്, പോന്നു.വി.ചാക്കോ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാല്‍, ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി.എസ്.വിജയന്‍, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ജോസ് തോമസ്, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷിബു.ജി.സുശീലന്‍, ആര്‍ട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എം.ബാവ, ആര്‍ട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി നിമേഷ്.എം.താനൂര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മധു രാഘവന്‍, ജോസഫ് നെല്ലിക്കല്‍, രാജേഷ് മേനോന്‍, സാബു മോഹന്‍, സാജന്‍, നാസര്‍, അനില്‍കുമാര്‍, ഫൈസല്‍ അലി, മിഥുന്‍ ചാലിശ്ശേരി, എന്നിവര്‍ നേതൃത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *