

ആറ്റിങ്ങല്‍: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് അവനവന്‍ചേരി ഗവ. ഹൈസ്കൂളിന് പുരസ്കാരം. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വിമുക്തി മിഷന് സംഘടിപ്പിച്ച ‘ലഹരിക്കെതിരേ ചിത്ര മതില്’ എന്ന ജില്ലാ തല ചുമര്‍ച്ചിത്ര രചനാ മത്സരത്തില്‍ പങ്കെടുത്താണ് അവനവന്‍ചേരി ഗവ. ഹൈസ്കൂളിനെ തേടി പുരസ്കാരം എത്തിയത്. സ്കൂള്‍ സ്റ്റുഡന്റ് പേലീസ് കേഡറ്റ് യൂണിറ്റ് വിമുക്തിയുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിവരുന്നത്. ലഹരി മാഫിയകള്‍ ഇന്ന് പ്രധാനമായും ലക്ഷ്യമിടുന്നത് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായാണ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ചത്.


അവനവഞ്ചേരി ഗവ. ഹൈസ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും ലഹരിക്കെതിരെ കടുത്ത പോരാട്ടമാണ് നടത്തിവരുന്നത്. തമസോമ എന്ന പേരില്‍ സ്കൂള്‍ നിര്‍മിച്ച ലഹരിവിരുദ്ധ ബോധവല്കരണ ഹ്രസ്വചലച്ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സ്കൂളില്‍ നടന്ന ചടങ്ങില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ഇ.ഷൈബു സ്കൂള്‍ ഹെഡ്മാസ്റ്റര് ജി.എല്‍.നിമിക്ക് പുരസ്കാരം കൈമാറി. അസി.എക്സൈസ് ഓഫിസര്‍ പി.ജയകുമാര്‍, എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.സാബു, ആര്.എസ്.ലിജിന്‍, കേഡറ്റുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


