Breaking News

കല്ലമ്പലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനം; ചികിത്സയിലിരുന്ന 69കാരന്‍ മരണപ്പെട്ടു; ഭാര്യക്കും മക്കള്‍ക്കുമെതിരെ കേസ്

കല്ലമ്പലം: കല്ലമ്പലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന 69 കാരന്‍ മരണപ്പെട്ടു. ഇയാളുടെ രണ്ടാം ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കല്ലമ്പലം കടവൂര്‍ മുക്കുകട എ.എസ്.മന്‍സിലില്‍ മുഹമ്മദ് അലിയുടെ മകന്‍ അബ്ദുള്‍ മജീദാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അബ്ദുള്‍ മജീദിനെ സ്വന്തം പേരിലുള്ള വീടും പുരയിടവും എഴുതിക്കടുക്കാത്തതിനെ തുടര്‍ന്ന് രണ്ടാം ഭാര്യ ബീവികുഞ്ഞും മകന്‍ മുഹമ്മദ് ഷാനും മകള്‍ ഫാത്തിമ ബീവിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

ബീവികുഞ്ഞ് അബ്ദുള്‍ മജീദിനെ തടിക്കഷണം കൊണ്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അയാളുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. രണ്ടും മൂന്നും പ്രതികളായ മകനും മകളും ചേര്‍ന്ന് അബ്ദുള്‍ മജീദിന്റെ തലയും കഴുത്തും ഭിത്തിയില്‍ ഇടിച്ചതുവഴി കഴുത്തിന് പൊട്ടലും സംഭവിച്ചിരുന്നു. തുടര്‍ന്ന് അബ്ദുള്‍ മജീദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഓര്‍ത്തോ ഐ.സി.യുവില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ അബ്ദുള്‍ മജീദ് മരണത്തിന് കീഴടങ്ങിയത്. ഭാര്യയും മക്കളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്ന അബ്ദുള്‍ മജീദിന്റെ പരാതിയില്‍ കല്ലമ്പലം പോലീസ് കഴിഞ്ഞ വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ മജീദ് മരണപ്പെട്ടതോടെ കേസിന് ഗൗരവം വര്‍ധിക്കുകയാണ്. ഇന്‍ക്വിസ്റ്റ് നടപടികള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അബ്ദുള്‍ മജീദിന്റെ മരണകാരണം മനസിലാക്കി കൂടുതല്‍ ഗൗരവതരമായ നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം, പരാതി ലഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *