

തിരുവനന്തപുരം: കരിക്കകം ലിഫ്റ്റ് ബ്രിഡ്ജില്‍ ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയല്‍ റണ്‍ വിജയകരം. ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയന് ലിഫ്റ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും. അതിനു മുന്നോടിയായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് ആണ് കരിക്കകത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കോവളം-ബേക്കല്‍ ദേശീയ ജലപാത പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ 2.80 കോടി ചെലവഴിച്ചാണ് കരിക്കകത്ത് നിര്‍മിച്ചത്.


2025 ഓടെ കോവളം-ബേക്കല്‍ ദേശീയ ജലപാതയിലൂടെ ജല ഗതാഗതം സാധ്യമാക്കുന്നത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നല്ല ശതമാനം ചരക്ക് നീക്കവും ദേശീയ ജലപാതയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുംവിധമാണ് ലിഫ്റ്റ് ബ്രിഡ്ജിന്റെ നിര്‍മാണം. ദേശീയ ജലപാതയിലൂടെ ബോട്ടുകള്‍ കടന്ന് പോകുമ്പോള്‍ 5 മീറ്റര്‍ വരെ ഉയരത്തില്‍ പാലം ഉയര്‍ത്താന്‍ കഴിയും. ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ ജേക്കബ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നദീര്‍ എന്നിവര്‍ ട്രയല്‍ റണ്ണില്‍ പങ്കെടുത്തു.


