

വര്‍ക്കല: വര്‍ക്കല ചാവടിമുക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അഖില(15)യെന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി 7 മണിയോടെയാണ് അഖിലയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സ്‌കൂളില്‍നിന്ന് വന്ന ശേഷം കിടക്കുന്ന പതിവുണ്ട് അഖിലയ്ക്ക്. ഇന്നലെയും പതിവുപോലെ അഖില അനുജത്തിക്കൊപ്പം സ്‌കൂളില്‍നിന്ന് വന്ന ശേഷം കിടന്നുറങ്ങി. ഇതിനിടയില്‍ വീട്ടുകാര്‍ വിളിച്ചിട്ടും അഖില വിളി കേള്‍ക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയതോടെയാണ് കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് വര്‍ക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന അഖില സ്‌പോര്‍ട് താരവുമാണ്. ജില്ലാ തല, സംസ്ഥാന തല സൈക്ലിംഗ് മത്സരങ്ങളില്‍ മത്സരിച്ചിട്ടുള്ള വിദ്യാര്‍ത്ഥിയാണ് അഖില. പഠനത്തിലും മികച്ച നിലവാരം പുലര്‍ത്തിയിരുന്ന അഖില ഇന്നലെ ഉച്ചയ്ക്ക് ശേഷം യൂണിറ്റ് ടെസ്റ്റും ക്ലാസ്സും കഴിഞ്ഞ് അനുജത്തിക്കൊപ്പം സ്‌കൂളില്‍നിന്ന് സന്തോഷവതിയായാണ് വീട്ടിലേക്ക് പോയതെന്നാണ് സ്‌കൂളില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത്തരത്തില്‍ പഠനത്തിലും സ്‌പോര്‍ട്‌സിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന ഒരു വിദ്യാര്‍ത്ഥിനി എന്തിന് ജീവിതം അവസാനിപ്പിച്ചു എന്ന ചോദ്യത്തിന് ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി ലഭിച്ചതിന് ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നും അയിരൂര്‍ പോലീസ് പറഞ്ഞു.


