

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.പോളിടെക്‌നിക്കില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആര്‍.ബിന്ദുവാണ് ശിലാസ്ഥാപനം നടത്തിയത്. ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്.അംബിക അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ഷാജില്‍ അന്ത്രു സ്വാഗതം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.രാജശ്രീ എം.എസ് മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ അഭിമാനകരമായ പദ്ധതികള്‍ നടപ്പാക്കിയ സ്ഥാപനമാണ് ആറ്റിങ്ങല്‍ ഗവ: പോളിടെക്‌നിക് കോളജ്. പഠനത്തോടൊപ്പം തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സാധ്യമാക്കിയതും മികച്ച വിദ്യാഭ്യാസ നിലവാരവും റിസള്‍ട്ടും പ്ലെയിസ്‌മെന്റും ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും അനിവാര്യവും ദീര്‍ഘകാല ആവശ്യവുമായിരുന്നു പുതിയ അക്കാദമിക് ബ്ലോക്ക്. ആ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.


യോഗത്തില്‍ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ:എസ്.കുമാരി, പി.ഡബ്ല്യൂ.ഡി (ബില്‍ഡിംഗ്‌സ്) എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അജിത് കുമാര്‍.വി.എസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ തുളസീധരന്‍പിള്ള, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗിരിജ, വാര്‍ഡ് കൗണ്‍സിലര്‍ വി.സുധര്‍മ്മ, പി.റ്റി.എ വൈസ് പ്രസിഡന്റ് ജി.രാജ്‌മോഹന്‍, ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.മുരളീധരന്‍, ഓട്ടോമൊബൈല്‍ എച്ച്.ഒ.ഡി പി.പ്രേംജിത്ത്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആരോമല്‍ എസ്.ആര്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ട്രിക്കല്‍ എച്ച്.ഒ.ഡി എസ്.ജയറാം നന്ദി രേഖപ്പെടുത്തി.


