

കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ യുവാവിനെ കോടാലിക്കൈകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. മണമ്പൂര്‍, കല്ലറത്തോട്ടം വി.എസ്.ഭവനില്‍ ബാബുവിന്റെ മകന് ബൈജുവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണമ്പൂര്‍ സ്വദേശി നിപിന് ഐസക്കി(35)നെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി നിപിന് ഐസക്കിന്റെ സഹോദരിയെ ബൈജുവിന്റെ സഹോദരന് പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. ഈ വിവാഹത്തിന് സഹായം ചെയ്തുകൊടുത്തതിലുള്ള വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ബൈജു പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെ കല്ലറത്തോട്ടത്തു വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ബൈജുവിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്. ബൈജുവിന്റെ ഒരു ബന്ധുവിനും പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കൊലപാതക കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



