

ആറ്റിങ്ങല്‍: കാശ്മീര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ വർക്കല കുളമുട്ടം സ്വദേശിയെ കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം കാശ്മീര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. കുളമുട്ടം മൂങ്ങോട് ജോബി ലാന്‍ഡില്‍ നൗഷാദ് അഹമ്മദ് കബീറിനെയാണ് കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം കാശ്മീര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ യുവതി കാശ്മീര്‍ കോടതിയില്‍ നല്കിയ കേസില്‍ കോടതി വാറണ്ട് പുറപ്പെടുവി ച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇയാളെ കാശ്മീര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്.

കാശ്മീര്‍ സ്വദേശിനിയായ സജിന ഖാൻ (37) നൽകിയ പരാതിയി ലാണ് കോടതി നിയമ നടപടികള്‍ സ്വീകരിച്ചത്. 2018 ല്‍ ഭോപ്പാലില്‍ വച്ച് നൗഷാദ് അഹമ്മദ് കബീര്‍ സജിന ഖാനെ വിവാഹം കഴിച്ചിരുന്നു. ഒരു മാസത്തോളം ഒരുമിച്ച് ഭോപ്പാലില്‍ താമസിച്ച ശേഷം നൗഷാദ് ഗള്‍ഫിലേക്ക് പോയി. തുടര്‍ന്ന് ഇയാള്‍ സജിന ഖാനോട് പാസ്പോര്‍ട്ട് എടുക്കാനും ആവശ്യപ്പെട്ടു. 8 മാസങ്ങള്‍ക്ക് ശേഷം തിരികെ ഭോപ്പാലില്‍ എത്തിയ നൗഷാദ് കേരളത്തില്‍ റബ്ബര്‍ തോട്ടം വാങ്ങാനെന്ന വ്യാജേന സജിന ഖാന്റെ പക്കല്‍നിന്നും 3.5 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കി.

ഇതിനകം, നൗഷാദ് ഭാര്യയായ സജിന ഖാനോട് ഗള്‍ഫിലുള്ള ഷെയ്ക്കിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും 3 മാസത്തിന് ശേഷം വിവാഹ മോചനം നേടാമെന്ന് പറയുകയും ചെയ്തായും സജിന നല്കിയ പരാതിയില്‍ പറയുന്നു. തന്നെ വില്‍ക്കുകയാണ് നൗഷാദിന്റെ ലക്ഷ്യമെന്ന് മനസിലാക്കിയ തോടെ സജിന ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. ഇതിനകം സജിനയില്നിന്നും കൂടുതല്‍ പണവും സ്വര്‍ണ്ണവും കൈക്കലാക്കി യ നൗഷാദ് സജിനയുടെ മുഴുവന്‍ സ്വത്തും കൈക്കലാക്കാന്‍ ശ്രമിച്ചു.

തുടര്‍ന്ന് സജിനയുമായി കേരളത്തിലേക്ക് തിരിച്ച നൗഷാദില്‍ നിന്നും ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍വച്ച് ക്രൂരമായ രീതിയില്‍ പീഡനമേറ്റിരുന്നു. കോയമ്പത്തൂരില്‍ ഹോസ്റ്റലില്‍ താമസിച്ചുകൊണ്ട് സജിന നൗഷാദിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് അവര്‍ കാശ്മീരിലേക്ക് തിരിച്ചുപോയി ശ്രീനഗര്‍ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. വീണ്ടും കേരളത്തിലെത്തിയ സജിന നിലവില്‍ ആറ്റിങ്ങലിലെ ഒരു ഹോസ്റ്റലിലാണ് താമസം.

തനിക്ക് ആശ്രയം തരാന്‍ ആരുമില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സജിന ആറ്റിങ്ങല്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തന്റെ ഭര്‍ത്താവായ നൗഷാദിനെതിരെ ശ്രീനഗര്‍ കുടുംബ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവര്‍ പോലീസിനെ അറിയിച്ചു. കേസില്‍നിന്ന് പിന്മാറാന് നൗഷാദ് വക്കീല്‍ മുഖാന്തരം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും വഴങ്ങാത്തതിനാല്‍ ഭീഷണിപ്പെടുത്തിയെന്നും സജിന പോലീസിന് നല്കിയ വിശദമായ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.