Breaking News

വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധം

തിരുവനന്തപുരം: ഫെബ്രുവരി 13 ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കുന്നു. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെയാണ് കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ ശക്തമായ പ്രതിഷേധം ഉയരുന്നത്. അധികാര കേന്ദ്രങ്ങളില്‍നിന്നും വ്യാപാരികള്‍ പീഡനങ്ങള്‍ നേരിടുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിക്കുന്നു. അധികാര കേന്ദ്രങ്ങളില്‍നിന്ന് വ്യാപാരികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ ആരംഭിച്ച വ്യാപാര സംരക്ഷണ യാത്ര ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് സമാപിക്കും.

ജനുവരി 29 ന് കാസര്‍കോഡുനിന്ന് ആരംഭിച്ച യാത്രയ്ക്ക് ഫെബ്രുവരി 13 ന് ജില്ലയുടെ പ്രവേശന കവാടമായ കല്ലമ്പലത്ത് ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം ഉണ്ടാകും. സ്വീകരണത്തിന്റെ ഭാഗമായി വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലേക്ക് കടക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്ക് ഉച്ചയ്ക്ക് 3 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം ഉണ്ടാകും. അവിടെനിന്ന് പ്രകടനമായി പുത്തരിക്കണ്ടം മൈതാനിയിലെത്തി സമാപന സമ്മേളനത്തോടുകൂടി യാത്ര അവസാനിക്കും. സമാപന സമ്മേളനത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ നല്‍കുന്ന സൂചന. 5 ലക്ഷം പേര്‍ ഒപ്പിട്ട 29 ഇന ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചുണ്ട്.

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ കല്ലമ്പലത്ത് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാടിന്റെ പുരോഗതിക്ക് ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്ന വിഭാഗമാണ് ചെറുകിട വ്യാപാരികള്‍. അതുകൊണ്ടുതന്നെ വ്യാപാരികളെ സംരക്ഷിക്കുയെന്നത് ഏതൊരു ഭരണകൂടത്തിന്റെയും ആവശ്യമാണെന്ന് രാജകുമാരി ഗ്രൂപ്പ് ഡയറക്ടര്‍ സുഹൈബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഗവണ്‍മെന്റ് സംവിധാനത്തിലൂടെ ഉദ്യോഗസ്ഥ ലോബികള്‍ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന രീതിയാണ് സംസ്ഥാനത്തുടനീളം അവലംബിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു, ചിറയിന്‍കീഴ് മേഖലാ ട്രഷറര്‍ ബി.മുഹമ്മദ് റാഫി, ആറ്റിങ്ങല്‍ യൂണിറ്റ് പ്രസിഡന്റ് പൂജ ഇക്ബാല്‍, കല്ലമ്പലം യൂണിറ്റ് ഭാരവാഹികളായ സുരേഷ് കുമാര്‍, രാജീവ്, നഹാസ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സാങ്കേതിക സംവിധാനത്തിന്റെ പിഴവുകള്‍ മൂലം സംഭവിച്ച ചെറിയ തെറ്റുകള്‍ക്ക് പോലും വ്യാപികളുടെ മേല്‍ ലക്ഷക്കണക്കിന് രൂപയുടെ പിഴ അടിച്ചേല്‍പ്പിക്കുന്ന നോട്ടീസുകള്‍ പിന്‍വലിക്കുക, കെട്ടികിടക്കുന്ന നികുതി കുടിശിക നോട്ടീസുകള്‍ക്ക് പിഴയും പലിശയും ഒഴിവാക്കി നികുതിയില്‍ അന്‍പതു ശതമാനം മാത്രം ഈടാക്കി മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി രണ്ടു കോടി ആക്കി ഉയര്‍ത്തുക, എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ പരിധി ഒരു കോടി ആയി ഉയര്‍ത്തുക, പഞ്ചായത്ത്/മുനിസിപ്പല്‍ ലൈസന്‍സ് ഫീസ് പട്ടികയില്‍ സ്ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ച് നിരക്കില്‍ മാറ്റം വരുത്തുക, അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *