

ആറ്റിങ്ങൽ : വഴിയോരകച്ചവടം ചെയ്തു വരുന്ന രാജേന്ദ്രനു കുടുംബസമേതം റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ക്ഷണം. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ലോട്ടറി കച്ചവടം നടത്തി വരുന്ന രാജേന്ദ്രൻ KJ, ഭാര്യ ബേബി എന്നിവർക്കാണ് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രേത്യേക അതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചത്. വഴിയോര കച്ചവടക്കാർക്ക് നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷൻ (നാഷണൽ അർബൻ ലൈവിലി ഹൂഡ് മിഷൻ -NULM )പദ്ധതി പ്രകാരം നൽകി വരുന്ന പിഎം സ്വനിധി ലോൺ മൂന്നു ഘട്ടവും (10000,20000,50000) ലോൺ എടുത്തവരിൽ നിന്നുമാണ് രാജേന്ദ്രനെ തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നും ആകെ മൂന്നു വഴിയോരകച്ചവടക്കാരെയാണ് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുള്ളത്. നാളിതുവരെ കേരളത്തിൽ ഏറ്റവും കൂടുതൽ പി. എം സ്വാനിധി ലോൺ നൽകിയ നഗരസഭ ആറ്റിങ്ങൽ നഗരസഭയാണ്. നഗരസഭയുടെ ഭാഗത്തു നിന്നു വഴിയോരകച്ചവട ക്കാർക്ക് നൽകുന്ന അനുകൂല പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ജനുവരി 24നു രാവിലെ തന്നെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് യാത്ര തിരിക്കുന്നതിനുള്ള ഏർപ്പാടാണ് കേന്ദ്രമന്ത്രാലയം നടത്തിയിരിക്കുന്നത്..


