

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനം കാലഘട്ടത്തിന്റെ ആവശ്യമെന്ന് രജിസ്ട്രേഷന്-പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്ന പരിപാടിയി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവിഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് മഹത്തായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിക്ക് നടന്ന പരിപാടിയില്‍ കാസര്‍കോഡ് ബംഗളം ശ്രീനാരായണഗുരു മഠം സെക്രട്ടറി ശ്രീമദ് സുരേശ്വരാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ അധ്യക്ഷത വഹിച്ചു.

അതിയായ അഭിമാനത്തോടെയാണ് ഞാന്‍ ഈ വേദിയില്‍ അധ്യക്ഷനായി നില്‍ക്കുന്നതെന്ന് മോഹന്‍ കുന്നുമ്മേല്‍ പറഞ്ഞു. സര്‍വകലാശാല എന്നത് വിജ്ഞാനത്തിന്റെ കേന്ദ്രമാണ്. സര്‍വകലാശാലകളില്‍നിന്നാണ് വിജ്ഞാന സമ്പന്നരും നാടിന്റെ ഭാവി വാഗ്ദാനങ്ങളുമായ കര്‍മ്മശേഷിയുള്ള വ്യക്തികള്‍ ഉത്ഭവിക്കുന്നത്. വിജ്ഞാനമാണ് ഏറ്റവും പ്രധാനം. ഇന്നത്തെ കാലത്ത് ഏറ്റവും സമ്പന്നനായ വ്യക്തി എന്നത് സ്വര്‍ണ്ണ ശേഖരമോ ധനശേഖരമോ ഉള്ള വ്യക്തിയല്ല. വിജ്ഞാനമുള്ളവനാണ് ഏറ്റവും വലിയ സമ്പന്നന്. വിജ്ഞാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് വളരെയേറെ ദീര്‍ഘ വീക്ഷണമുണ്ടായിരുന്ന മഹത് വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുദേവന്റേത്. അതുകൊണ്ടാണ് ശിവഗിരി തീര്‍ത്ഥാടനം വിജ്ഞാനത്തിന്റെ വ്യാപനമായി മാറുന്നത്-അദ്ദേഹം പറഞ്ഞു.

പി.വിജയന് ഐ.പി.എസ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ലഹരി ആസക്തി എങ്ങനെ ഇല്ലാതാക്കാം എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. മെഡിക്കല്‍ കോളേജ് റിട്ട.പ്രൊഫസര്‍ ഡോ.ഷാജി പ്രഭാകരന് മസ്തിഷ്കാഘാത ലക്ഷണങ്ങള്‍ എന്ന വിഷയത്തിലും, ഗ്ലോബല്‍ ഫൗണ്ടേഷന് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ പ്രസിഡന്റ് ഡോ.എസ്.എസ്.ലാല്‍ പകര്‍ച്ചാ വ്യാധികള്‍ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തിലും, ഹെല്‍ത്ത് സര്‍വ്വീസസ് അസി.ഡയറക്ടര്‍ ഡോ.ബിനോയ്.എസ്.ബാബു വന്ധ്യതാ പ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തി. എസ്.എസ്.എന്‍.എം.എം ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി.എസ് കൃതജ്ഞതയും രേഖപ്പെടുത്തി.
