

വര്‍ക്കല: വര്‍ക്കലയെ ഞെട്ടിച്ച ശാലു വധക്കേസിലെ പ്രതി വര്‍ക്കല ചെമ്മരുതി ചാവടിമുക്ക് സ്വദേശി ഇങ്കി അനില്‍ എന്നുവിളിക്കുന്ന അനിലിന് ജീവപര്യന്തം കഠിന തടവും 17 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 17 ലക്ഷം രൂപ പിഴ ഒടുക്കിയില്ലെങ്കില്‍ 4 വര്‍ഷത്തെ വെറും തടവുകൂടി അനുഭവിക്കേണ്ടിവരും. പിഴ തുകയില്‍ 7.5 ലക്ഷം രൂപ വീതം കേസിലെ സാക്ഷികള്‍ കൂടിയായ ശാലുവിന്റെ മക്കള്‍ക്കും രണ്ട് ലക്ഷം രൂപ ശാലുവിന്റെ ഭര്‍ത്താവിനും നല്‍കണമെന്നാണ് വിധി.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 നാണ് വര്‍ക്കല ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ വസന്തയുടെ മകള്‍ ശാലുവിനെ പ്രതി വെട്ടി കൊലപ്പെടുത്തിയത്. പ്രതിയുടെ കയ്യില്‍നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാന്‍ താമസിച്ചതാണ് കൊലപാതക കാരണം. പണം തിരികെ കിട്ടാന്‍ വൈകുന്ന വൈരാഗ്യത്തില്‍ പ്രതി ശാലുവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടുകത്തി കൊണ്ട് കഴുത്തിന് ആഞ്ഞുവെട്ടുകയായിരുന്നു. ജോലിസ്ഥലത്തുനിന്നും ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് സ്കൂട്ടറില്‍ തിരിച്ച് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു ശാലു. വെട്ടേറ്റുവീണ ശാലുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച നാട്ടുകാരയും പ്രതി വെട്ടുകത്തി വീശി വിരട്ടിയോടിച്ചു.

പരുക്കേറ്റ് വളരെ നേരത്തിന് ശേഷമാണ് ശാലുവിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശാലുവിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതര പരുക്കുകളോടെ ചികിത്സയിലിരുന്ന ശാലു മെയ് രണ്ടിന് ഉച്ചയ്ക്ക് 2 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഐ.പി.സി 341, 294(ബി), 324, 326, 506(2), 302 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ.എല്‍.ഹരീഷ് കുമാറാണ് കോടതിയില്‍ ഹാജരായത്.
