Breaking News

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം

വര്‍ക്കല: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വര്‍ക്കല താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍നിന്നാണ് മന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചത്. വര്‍ക്കല കൂടാതെ ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ ആശുപത്രികളും ഇന്ന് സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യമേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിന്റെ ഭാഗമായി വര്‍ക്കല താലൂക്ക് ആശുപത്രിയും വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളും സംവിധാനങ്ങളും മാറ്റി ആധുനിക രീതിയിലുള്ള സംവിധാനത്തിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം തയാറായിട്ടുണ്ട്. അവിടേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റും. കൂടാതെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 45 കോടിയുടെ കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വര്‍ക്കല ആശുപത്രി വികസനത്തിന്റെ പാതയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ വെറുമൊരു സന്ദര്‍ശനമല്ല. കളക്ടറുടെ ഓഫീസില്‍ ഈ സന്ദര്‍ശനങ്ങളുടെ വിലയിരുത്തലുകള്‍ ഉണ്ടാകുമെന്നും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ പൂര്‍ത്തിയായിട്ടുള്ള പുതിയ കെട്ടിടം സന്ദര്‍ശിച്ച മന്ത്രി ഇവിടെ ഒരുക്കിയിരിക്കുന്ന ചികിത്സാ സൗകര്യങ്ങളെ കുറിച്ചും മറ്റും ബന്ധപ്പെട്ടവരില്‍നിന്നും ചോദിച്ച് മനസിലാക്കി.

അതേസമയം, മന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്ന നിയമന തട്ടിപ്പ് ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് തനിക്ക് പറയാനുള്ളത് പറയേണ്ട സമയത്ത് പറയാമെന്നും ഇപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ സംസാരിക്കട്ടെ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയോടൊപ്പം അഡ്വ.വി.ജോയി എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.അനില്‍കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു മോഹന്‍, ജില്ലയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സൈമണ്‍ മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ.അനില്‍ വാസുദേവന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *