

ആറ്റിങ്ങല്‍: വാര്‍ദ്ധക്യം തളര്‍ത്താത്ത മനസുമായി മകന്റെ കൈപിടിച്ച് തിരികെ സ്കൂളിലേക്കെത്തി ഒരമ്മ. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പഠനക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയതാണ് വിഘ്നേശ്വര അയല്‍ക്കൂട്ടത്തിലെ 65 കാരിയായ അനിലകുമാരി അമ്മ. രാവിലെ കൃത്യം 9 മണിക്ക് തന്നെ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മകന്റെ കൈയ്യും പിടിച്ച് അനിലകുമാരിയമ്മ സ്കൂളിലെത്തി. അസംബ്ലിയില്‍ പങ്കെടുത്ത് പ്രതിജ്ഞാ വാചകം ഏറ്റുചൊല്ലിയ ശേഷം കൈയ്യില്‍ കരുതിയ ബാഗുമായി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു. വൈകുന്നേരം വരെ നീണ്ട പഠനത്തിന് ഇടക്ക് കിട്ടിയ ഇടവേളയില്‍ ഉപ്പിലിട്ട നെല്ലിക്കയും, ബോംബെ മിഠായിയും സഹപാഠികളോടൊപ്പം പങ്കിട്ടു കഴിച്ചു.

മകനെ പഠിപ്പിക്കാനും കുടുംബം പോറ്റാനും വേണ്ടി പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ബേക്കറി ജോലിക്കാരിയുടെ കുപ്പായമണിഞ്ഞ ഈ അമ്മക്ക് തിരികെ സ്കൂളിലെത്തിയപ്പോള്‍ കടന്നുപോയ ബാല്യവും കൗമാരവും തിരിച്ചുപിടിച്ച സന്തോഷമായിരുന്നു. പഠിത്തം കഴിഞ്ഞ് പടിയിറങ്ങി മകന്റെ കരം കരുതലോടെ പിടിച്ച് നടന്നകലുമ്പോഴും അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വാതോരാതെ മകനോട് പറഞ്ഞു കേള്‍പ്പിക്കുന്ന ഒളിമങ്ങാത്ത ബാല്യത്തിന്റെ സ്മരണിക ആ അമ്മയില്‍ കാണാന്‍ കഴിഞ്ഞു.

