
കിളിമാനൂർ: കേരള സർക്കാർ വ്യാവസായിക വാണിജ്യ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഊർജിത വ്യവസായവൽക്കരണം പദ്ധതിയുടെ ഭാഗമായാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വ്യവസായ സംരംഭങ്ങൾക്ക് വേണ്ടി പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സംരംഭങ്ങളെ പറ്റിയുള്ള അവബോധവും കേന്ദ്ര-സംസ്ഥാനസർക്കാർ ആനുകൂല്യങ്ങളെപറ്റിയും വിവരിക്കുന്നതായിരുന്നു സംരംഭകത്വ ബോധവൽക്കരണ ശില്പശാല. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഇഡിഇ ഫൈസാന എം സ്വാഗതം ആശംസിച്ചു. ചിറയിൻകീഴ് താലൂക്ക് ഉപജില്ല വ്യവസായ ഓഫീസർ കെ.എൽ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തുളസീധരൻ.പി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത. പി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ.ഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ശ്രീജാറാണി. പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മടവൂർ ഗ്രാമപഞ്ചായത്ത് ഇഡിഇ അപർണദേവി പി നന്ദിയും രേഖപ്പെടുത്തി.

