

തിരുവനന്തപുരം: അഖില്‍ സജീവ് ഉള്‍പ്പെട്ട നിയമന കോഴ തട്ടിപ്പ് കേസില്‍ കൂടുതല്‍ തട്ടിപ്പ് നടന്നതായി സംശയിക്കുന്നെന്ന് പോലീസ്. കേസില്‍ അറസ്റ്റിലായ റഹീസിന്റെ വാട്‌സ് ആപ് ചാറ്റില്‍നിന്നാണ് പോലീസിന് തട്ടിപ്പ് സംഘം വന്‍ തട്ടിപ്പ് നടത്തിയാതായുള്ള വിവരങ്ങള്‍ ലഭിച്ചത്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഹരിദാസിനോട് മൊഴി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് എത്തിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഹരിദാസിന് വേണ്ടിയും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്.

തട്ടിപ്പ് കേസില്‍ ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത് തന്റെ ഫോണിലുള്ള വിവരങ്ങള്‍ നശിപ്പിച്ചതായും പോലീസ് പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കേസില്‍ കോട്ടയം എസ്പിക്ക് കന്റോണ്‍മെന്റ് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഹരിദാസില്‍ നിന്നും ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികള്‍ വാങ്ങിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിയമന തട്ടിപ്പ് കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മറ്റ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നുവെന്നും ഇവരെ കൂടി പിടികൂടിയാല്‍ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്.
