

ന്യൂഡല്‍ഹി: മാധ്യമങ്ങളെ നിശ്ബദമാക്കാനാണ് നീക്കമെങ്കില്‍ അതിന്റെ കാരണം രാജ്യത്തിന് അറിയണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡല്‍ഹിയിലുള്ള യച്ചൂരിയുടെ വസതിയില്‍ നടന്ന റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂഡല്‍ഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ റെയ്ഡ് നടത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഡല്‍ഹിയിലും നോയിഡയിലുമായി 30-ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.

”സിപിഎമ്മിനെ ലക്ഷ്യം വച്ചല്ല റെയ്ഡ് നടന്നത്. പാര്‍ട്ടി ഓഫിസ് ജീവനക്കാരന്റെ മകനെ അന്വേഷിച്ചാണ് പൊലീസ് എത്തിയത്. അദ്ദേഹം ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനാണ് എത്തിയത്. പൊലീസ് വന്ന് ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തുകൊണ്ടുപോയി. എന്താണ് അവര്‍ അന്വേഷിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല”- യച്ചൂരി വ്യക്തമാക്കി. അനധികൃത വിദേശ ഫണ്ടിങ് ഉള്‍പ്പെടെയുള്ള കേസുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പരിശോധന നടത്തിയത്.

ഇന്നു രാവിലെ ആരംഭിച്ച പരിശോധനയില്‍ ഏഴു മാധ്യമപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലാണ് പരിശോധനയെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ റെയ്ഡ് നടത്തിയത്.
