

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതാണ് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് കാരണം. ഇതേതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ടിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറി. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് സൂചന. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്-പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നല്‍ തുടരാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


