

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ പ്രതിസന്ധി ആശങ്കാജനകമെന്ന് അമേരിക്ക. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നം അമേരിക്ക ഗൗരവതരമായി കാണുന്നുവെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജാക്ക് സള്ളിവന്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.

അതിനിടെ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ പ്രതിസന്ധി ഉടലെടുത്തത്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നതിന് ഇലക്ട്രോണിക തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു. എന്നാല്‍, തെളിവ് ആവശ്യപ്പെട്ട ഇന്ത്യയോട് തെളിവ് ഇപ്പോള്‍ കൈമാറാനാവില്ലെന്നാണ് കാനഡ പറയുന്നത്.

അതേസമയം, കാനഡ പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയുയര്‍ന്ന പശ്ചാത്തലത്തിലാണ് വിസ സര്‍വ്വീസ് നിറുത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

ലോകത്തെവിടെയും കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ വിസ തല്‍ക്കാലം നല്‍കില്ല. ഇ വിസ ഉള്‍പ്പടെ എല്ലാ തരം വിസകളും താല്‍കാലികമായി നിറുത്തിവച്ചു. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാനുള്ള നിര്‍ദ്ദേശവും നല്‍കി. കാനഡയിലേക്ക് ഉന്നത വിദ്യാസത്തിനും ജോലിക്കുമായി കാത്തിരിക്കുന്നവര്‍ ഇന്ത്യ-കാനഡ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടുത്ത ആശങ്കയിലാണ്.
