Breaking News

എല്ലാം ഗണേശന്റെ മായ: ഗണേശോത്സവത്തിന്റെ ഭാഗമെന്ന് എ.എന്‍. ഷംസീര്‍; വിളംബര നോട്ടീസും പ്രകാശിപ്പിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഗണേശോത്സവത്തിന്റെ വിളംബര നോട്ടീസ് പ്രകാശനം ചെയ്തു. അതും കേരള നിയമസഭയ്ക്കുള്ളില്‍ വച്ച്. എന്തെല്ലാം മറിമായങ്ങളാണ് സംഭവിക്കുന്നത്. എല്ലാം ഗണേശന്റെ മായ. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേരളത്തില്‍ വിവാദമായ മിത്ത് പരാമര്‍ശം സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പരാമര്‍ശം വിവാദമായെന്ന് മാത്രമല്ല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധങ്ങള്‍ കേരളമൊട്ടാകെ ആളിപ്പടര്‍ന്നപ്പോഴും തന്റെ വാക്കുകളില്‍ അണുവിട വ്യതിചലിക്കാതെ ഉറച്ചുനില്‍ക്കുകയും ചെയ്തു എ.എന്‍.ഷംസീര്‍.

ഒരു സ്‌കൂളിലെ പരിപാടിക്കിടയിലാണ് ഗണപതി മിത്താണെന്ന് എ.എന്‍.ഷംസീര്‍ പറഞ്ഞത്. സ്വാഭാവികമായും സംഭവം വിവാദമായി. ശാസ്ത്ര അവബോധം വളര്‍ത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അതുകൊണ്ടുതന്നെ ഗണപതി മിത്താണെന്ന തന്റെ പരാമര്‍ശം പിന്‍വലിക്കുകയോ അതിന്റെ പേരില്‍ മാപ്പ് പറയുകയോ ചെയ്യേണ്ട ആവശ്യമില്ലന്നുമായിരുന്നു ഷംസീര്‍ സ്വീകരിച്ച നിലപാട്. പുരോഗമനചിന്താഗതിക്കാര്‍ക്കിടയില്‍ ഉറച്ച പിന്തുണയും ഷംസീറിന്റെ നിലപാടിന് ലഭിച്ചു. നിയമസഭാ സ്പീക്കര്‍ ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തി സ്വീകരിക്കേണ്ട ശരിയായ നിലപാടെന്ന അംഗീകാരവും ലഭിച്ചു.

എന്നാല്‍, കേരള നിയമസഭയെന്ന ഭരണഘടനാ സ്ഥാപനത്തില്‍ വച്ചുതന്നെ ഗണേശോത്സവ വിളംബര ഘോഷയാത്രയുടെ നോട്ടീസ് പ്രകാശനം ചെയ്തിരിക്കുകയാണ് ഷംസീര്‍. മാത്രമല്ല, ഗണേശോത്സവം നടക്കുന്ന സമയം താനിവിടെ ഉണ്ടാവില്ലെന്നും അതുകൊണ്ട് നോട്ടീസ് പ്രകാശനം ചെയ്ത് ഗണേശോത്സവത്തിന്റെ ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഷംസീറിന്റെ ശാസ്ത്രാവബോധവും ഭരണഘടനാ പ്രതിബദ്ധതയും എവിടെപ്പോയി എന്ന് ആരെങ്കിലും ചോദിച്ചാല്‍ എങ്ങനെ കുറ്റംപറയാനാകും? അല്ലെങ്കില്‍ തന്റെ ശാസ്ത്രാവബോധത്തിലൂന്നിയ ചിന്താഗതി മാറ്റിയെന്ന് ഷംസീര്‍ പറയേണ്ടിവരും. അത് പറയാത്ത സ്ഥിതിക്ക് ഷംസീറിന്റെ പ്രവര്‍ത്തി ഇരട്ടത്താപ്പെന്ന് പറയേണ്ടിവരും.

ഉറച്ച നിലപാടുകളുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ ചിന്താഗതിക്കാരന് പക്ഷേ, ഇരട്ടത്താപ്പ് സാധ്യമാണോ? അതിനുള്ള ഉത്തരമാണ് ഷംസീറിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തി. വോട്ട് കിട്ടിയാലല്ലേ ജയിക്കൂ. ജയിച്ചാലല്ലേ എം.എല്‍.എയും സ്പീക്കറും മന്ത്രിയുമൊക്കെ ആകാനാവൂ. അപ്പൊപ്പിന്നെ ആദ്യം അതിനുള്ള വഴി നോക്കാം. ശാസ്ത്രാവബോധം തല്‍ക്കാലം പെട്ടിയിലിരിക്കട്ടെ. അതാണ് പ്രായോഗിക രാഷ്ട്രീയം. വോട്ടിന് മീതെ ഒരു നേതാവും പറക്കില്ലെന്ന അലിഖിത ആപ്തവാക്യം കേരള ജനത ഇതിന് മുമ്പും അനുഭവിച്ചറിഞ്ഞതാണ്. അതുപക്ഷേ, അയ്യപ്പന്റെ പേരിലായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് അക്കിടി പറ്റി. ഇത്തവണ ഗണപതിയുടെ പേരില്‍ അക്കിടി പറ്റരുത്. അതാണ് കാര്യം. അത് മാത്രമാണ് കാര്യം. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് സംഘടിപ്പിച്ച വിളംബര ഘോഷയാത്ര നോട്ടീസ് പ്രകാശന ചടങ്ങില്‍ ശിവസേന നേതാക്കളായ അജി പെരിങ്ങമല, കോട്ടുകാല്‍ ഷൈജു, ഡോ.കെ.പി.നായര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *