Breaking News

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും; എല്‍.ജെ.ഡിയുടെ ആവശ്യം തള്ളും

തിരുവനന്തപുരം: 2021 ലെ തെരഞ്ഞെടുപ്പ് ധാരണ പ്രകാരം കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. സംസ്ഥാന മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളിക്കും മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പായിരിക്കുകയാണ്. മന്ത്രിസ്ഥാനം വേണമെന്ന എല്‍.ജെ.ഡിയുടെയും എന്‍.സി.പി അംഗം തോമസ്.കെ.തോമസിന്റെയും ആവശ്യം തള്ളിക്കളയും.

തോമസ് കെ തോമസ് മന്ത്രിയാകുന്നതിനോട് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ല. എ.കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരുന്നതാണ് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം. കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ല. മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാട് എല്‍.ജെ.ഡിയെ അറിയിക്കും. 2021 ലെ തെരഞ്ഞെടുപ്പ് ധാരണ പ്രകാരമുള്ള മാറ്റം മാത്രം മതിയെന്ന നിലപാടാണ് ഇടതുമുന്നണി നേതൃത്വത്തിനുള്ളത്.

കൃഷ്ണന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെ.ഡി.എസിലെ നീക്കവും ഫലം കാണില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെ.ഡി.എസില്‍ മുന്‍തൂക്കം. അതേസമയം, സോളാര്‍ കേസില്‍ കോടതി ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രം ഗണേഷിന്റെ കാര്യത്തില്‍ പുനരാലോചന നടത്തിയാല്‍ മതിയെന്നാണ് ഇടതുമുന്നണി നേതൃത്വത്തിലും സി.പി.എം നേതൃത്വത്തിലും ഉണ്ടായിരിക്കുന്ന ധാരണ.

Related posts

Leave a Reply

Your email address will not be published. Required fields are marked *