

ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ സുജി (32) കൊലക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ആലംകോട് മണ്ണൂര്‍ഭാഗം മുല്ലശ്ശേരി മുക്ക് കാട്ടില്‍ വീട്ടില്‍ ചന്ദ്രബാബുവിന്റെ മകന് കടകംപള്ളി ബിജു എന്ന ബിജു(39), ആറ്റിങ്ങല്‍ കരിച്ചിയില്‍ വിളയില്‍വീട്ടില്‍ മണിയന് ആചാരിയുടെ മകന് ദാനു എന്ന അനീഷ്(37) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ആറ്റിങ്ങല്‍ ശങ്കരമംഗലം ക്ഷേത്ര കടവിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് സുജിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും വയലിലും കാലിലും ഉള്‍പ്പെടെ ശരീരമുടനീളം വെട്ടുകൊണ്ട നിലയിലായിരുന്നു മൃതദേഹം. റബ്ബര്‍ തോട്ടത്തില്‍ രാവിലെ തേങ്ങ പെറുക്കാന്‍ വന്ന സമീപവാസിയാണ് മൃതദേഹം കണ്ടത്.

കൊലപാതകത്തെ കുറിച്ച് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ കുറ്റവാളികളെ കുറിച്ച് പോലീസിന് ഏകദേശ ധാരണ ലഭിച്ചിരുന്നു. സുജിയുടെ ഭാര്യയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ബിജുവിനെയും അനീഷിനെയും സംശയിച്ചത്. തുടര്‍ന്ന് പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുകയും വിശദമായ അന്വേഷണത്തിലൂടെ ബിജുവിനെയും അനീഷിനെയും ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സുജിയെ കൊന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചു. സുജി പ്രതികളുടെ വീട്ടില്‍ അസമയത്ത് എത്തി സ്ത്രീകളോട് മോശമായി പെരുമാറിയെന്നും പ്രതികളിലൊരാളായ അനീഷിന്റെ മാതാവ് കുളിക്കുന്നത് ഒളിഞ്ഞു നോക്കിയതുമായി ബന്ധപ്പെട്ട് അനീഷും കൊല്ലപ്പെട്ട സുജിയും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുജിയെയും കൂട്ടി പ്രതികള്‍ ശങ്കരമംഗലം ക്ഷേത്ര കടവിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ എത്തി മദ്യപിച്ചു. മദ്യപിച്ച് ലക്കുകെട്ട സുജിയെ വെട്ടുകത്തിയും ചങ്ങലയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെട്ടി പരിക്കേല്പിച്ചതിന് ശേഷം സുജിയെ പ്രതികള്‍ തോട്ടിലേക്ക് എടുത്തിട്ടു.
എന്നാല്‍ തോട്ടുവക്കത്തുള്ള ചെടിയില്‍ പിടിച്ച് കരയില്‍ കയറിയ സുജിയെ പ്രതികള്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍നിന്നും രക്തം വാര്‍ന്നുപോയതും ശ്വാസകോശത്തില്‍ വെള്ളം കയറിയതുമാണ് സുജിയുടെ മരണത്തിനിടയാക്കിയത്-പോലീസ് വ്യക്തമാക്കി. കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, കല്ലമ്പലം പോലീസ് സംയുക്തമായാണ് എസ്.പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.