Breaking News

നിപ്പ വൈറസ്: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് നാലരയ്ക്ക് ഓണ്‍ലൈനായി കൂടുന്ന യോഗത്തില്‍ 5 മന്ത്രിമാര്‍ പങ്കെടുക്കും. ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കും. സംസ്ഥാനത്ത് നാലു പേര്‍ക്കാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ ഒരാളുടെ കുട്ടിക്കും ബന്ധുവിനുമാണു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയിലുള്ള രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ 168 പേരുണ്ട്. നിപ്പ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ എട്ട് പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വഴികള്‍ അടച്ചു. 1998 മുതല്‍ ഇതുവരെ വിവിധ രാജ്യങ്ങളിലായി 477 പേരെ നിപ്പ ബാധിച്ചു; 252 പേര്‍ മരിച്ചു. കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2018 ല്‍ കോഴിക്കോട്ട്. 2019 ല്‍ എറണാകുളത്തും 2021 ല്‍ വീണ്ടും കോഴിക്കോട്ടും റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തേതുള്‍പ്പെടെ ഇതുവരെ 20 മരണമാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് സംഭവിച്ചിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *