Breaking News

നിപ്പ വൈറസ്: സമ്പര്‍ക്ക പട്ടികയില്‍ 702 പേര്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ 702 പേരെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ മൂന്ന് കേസുകളില്‍ നിന്നാണ് ഇത്രയും പേര്‍ സമ്പര്‍ക്ക പട്ടികയില്‍ വരുന്നത്. ഇതിനിടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരായ 2 പേര്‍ക്ക് കൂടി നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്. നിപ്പ സ്ഥിരീകരിച്ച സാംപിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും ജില്ലയില്‍ സജ്ജമാക്കും. ഇതുവഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.

ഐ.സി.എം.ആറില്‍ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം, കുറ്റ്യാടിയിലേക്കു ബസുകള്‍ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിടുകയാണ്. യാത്രക്കാര്‍ കാല്‍ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *