

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി അഡ്വ.ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കേസില്‍ പരാതിക്കാരിയുടെ അഡ്വക്കേറ്റ് ആയിരുന്നു ഫെനി ബാലകൃഷ്ണന്‍. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ചാണ്ടിയുടെയും ജോസ്.കെ.മാണിയുടെയും പേരെഴുതി ചേര്‍ത്ത് കത്തെഴുതിയതെന്നാണ് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. വാര്‍ത്താ സമ്മേളനം നടത്തിയായായിരുന്നു ഫെനിയുടെ വെളിപ്പെടുത്തല്‍. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി വാര്‍ത്താ സമ്മേളനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പരാതിക്കാരി പത്തനംതിട്ട ജയിലില്‍ നിന്നും കോടതിയില്‍ നല്‍കാന്‍ ഏല്‍പ്പിച്ച ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ശരണ്യ മനോജാണ് ഉമ്മന്‍ചാണ്ടിയുടെയും ജോസ്.കെ.മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്ത് തനിക്ക് കാണിച്ച് തന്നത്. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും ഫെനി വെളിപ്പെടുത്തി.

സിഡി ഉള്‍പ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാന്‍ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. എനിക്ക് ഗണേഷ് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീല്‍ ഫീസ് തന്നിരുന്നത് ഗണേഷിന്റെ പി.എയാണെന്നും ഫെനി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

