

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍നവുമായി കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് തികഞ്ഞ വിഡ്ഡിത്തമാണെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. ആരെങ്കിലും പ്രസംഗിക്കാന്‍ വിളിച്ചാല്‍ അവരെ സുഖിപ്പിക്കാന്‍ വേണ്ടി സംസാരിക്കരുതെന്ന് പറഞ്ഞ ഗണേഷ്‌കുമാര്‍ അപ്പോള്‍ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി നല്ലതല്ലെന്നും പരിഹസിച്ചു. കഴിഞ്ഞ ദിവസം പത്തനാപരുത്ത് ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് ഗണേഷ് കുമാറിന്റെ വിമര്‍ശനം.

”മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മള്‍ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണം. തമിഴ്‌നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഒരുതരത്തിലും യോജിക്കാന്‍ സാധിക്കില്ല. അത്തരം വിഡ്ഢിത്തരങ്ങള്‍ കഴിയുന്നതും മന്ത്രിമാര്‍, ജനപ്രതിനിധികള്‍ പറയാതിരിക്കുന്നതാണ് നല്ലത്. അതു നമ്മുടെ ഒരു വിഷയമല്ല.

അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അറിയായിരിക്കും, രാഷ്ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍നിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല.. അപ്പോള്‍ അങ്ങനെയുള്ള അനാവശ്യ പരമാര്‍ശങ്ങള്‍ ഒഴിവാക്കുക. അപ്പോള്‍ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല.” ഗണേഷ് കുമാര്‍ പറഞ്ഞു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യു.പിയിലെ റാംപുര്‍ പൊലീസ് ഉദയനിധിക്കെതിരെ കേസെടുക്കുകയും ചെയ്തു.
