Breaking News

ആറ്റിങ്ങലില്‍ മൂന്നര വയസ്സുകാരരന്റെ മരണം: അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ്

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മൂന്നര വയസ്സുകാരന്റെ മരണത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ആറ്റിങ്ങല്‍ മാമം പഴയറോഡില്‍ കുന്നുംപുറത്ത് രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന രമ്യയ്‌ക്കെതിരെയാണ് ആറ്റിങ്ങല്‍ പോലീസ് 302 വകുപ്പ് ചുമത്തി കേസെടുത്തത്. മൂന്നര വയസുകാരനായ അഭിദേവിനെയും എടുത്ത് രമ്യ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രമ്യയെയും അഭിദേവിനെയും കിണറ്റില്‍നിന്ന് കരയ്‌ക്കെത്തിച്ച ശേഷം ഉടന്‍തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദേവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു കേസിന് ആസ്പദമായ സംഭവം. രമ്യയും ഭര്‍ത്താവ് രാജേഷും ആറ്റിങ്ങലിലെ ഒരു വസ്ത്ര വ്യാപര സ്ഥാപനത്തിലെ ജോലിക്കാരാണ്. രാജേഷും രമ്യയും രണ്ട് മക്കളും കൂടാതെ രാജേഷിന്റെ മാതാപിതാക്കളുമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. രാജേഷിന്റെ മൂത്തമകന്‍ ആദിദേവ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

സംഭവ ദിവസം രമ്യ ജോലിക്ക് പോയിരുന്നില്ല. സുഖമില്ലാത്തതിനാല്‍ താന്‍ ജോലിക്ക് പോകുന്നില്ലെന്നാണ് രമ്യ വീട്ടില്‍ പറഞ്ഞിരുന്നത്. രാജേഷിന്റെ മാതാവ് സമീപത്തെ വീട്ടില്‍ വീട്ടുജോലിക്ക് പോയശേഷം മൂത്ത മകന്‍ ആദിദേവിനോട് കിണറ്റില്‍ ചാടാന്‍ ആവിശ്യപ്പെട്ടു. എന്നാല്‍ കുട്ടി പേടിച്ച് നിലവിളിച്ച് കൊണ്ട് ഓടി മാറുകയായിരുന്നു. തുടര്‍ന്ന് രമ്യ ഇളയ മകന്‍ അഭിദേവിനെയും എടുത്ത് കിണറ്റിലേക്ക് ചാടി.

ആദിദേവ് നിലവിളിച്ച് കൊണ്ട് രാജേഷിന്റെ മാതാവ് ജോലി ചെയ്തിരുന്ന വീട്ടില്‍ എത്തി വിവരം പറഞ്ഞു. രാജേഷിന്റെ മാതാവ് എത്തി നോക്കുമ്പോള്‍ രമ്യയും ഇളയ കുഞ്ഞും കിണറ്റില്‍ കിടക്കുന്നത് കണ്ടു നിലവിളിച്ച് ആളെക്കൂട്ടി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ യുവാവാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും കരക്കെത്തിച്ചു.

തുടര്‍ന്ന് വലിയക്കുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നര വയസുക്കാരനായ അഭിദേവ് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രമ്യയെ ആദ്യം വലിയക്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രമ്യയുടെ വാരിയെല്ലുകള്‍ക്കും കഴുത്തിനും ഗുരുതര പരിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ ഐ.സി.യുവില്‍ ചികിത്സയിലാണ് ഇവര്‍.

കൊലപാത കുറ്റത്തിന് പോലീസ് കേസെടുത്തതിനാല്‍ ആശുപത്രിയില്‍ പോലീസിന്റെ കാവല്‍ രമ്യക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിദേവിന്റെ മൃതദേഹം മാമത്തുള്ള ഇവരുടെ ബന്ധുവീട്ടില്‍ സംസ്‌കരിച്ചു. രാജേഷുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായ വിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും രമ്യക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തതായും പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *